top of page
Search
Writer's picturepowervisiontv online

പ്രത്യാശോത്സവം 2024 പ്രാർത്ഥനാ സംഗമം തിരുവനന്തപുരത്ത്


കോട്ടയം : 2024 നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയറ്റത്തിൽ വച്ച് നടക്കുന്ന Celebration of Hope 2024 (പ്രത്യാശോത്സവം) ന്റെ ഭാഗമായി ജില്ലകൾ തോറും നടത്തുന്ന പ്രാർത്ഥനാ സംഗമം തിരുവനന്തപുരം ജില്ലയിൽ 19,20 തീയതികളിൽ നാല് സ്ഥലങ്ങളിൽ നടന്നു. 19 ബുധനാഴ്ച രാവിലെ 10 മണിക്ക് ആറ്റിങ്ങൽ, തോന്നയ്ക്കൽ ഐ പി സി സിയോൻ സഭാഹാളിൽ ഐ പി സി ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ പാ. വിത്സൻ ഹെൻറിയുടെ അദ്ധ്യക്ഷതയിൽ നടന്നു. സമീപ പ്രദേശങ്ങളിലെ വിവിധ പ്രസ്ഥാനങ്ങളിലെ പ്രതിനിധികളായ ദൈവ ദാസന്മാർ പങ്കെടുത്തു. വൈകുന്നേരം 03 മണിക്ക് പേരൂർക്കട ഐ പി സി ഫെയ്ത്ത് സെന്ററിൽ നടന്ന പ്രാർത്ഥനാ സംഗമത്തിൽ ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. 20 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാട്ടാക്കട എ ജി ഗോസ്പൽ സെന്ററിൽ നടന്ന പ്രാർത്ഥനാ സംഗമത്തിൽ എ ജി തിരുവനന്തപുരം മേഖലാ മുൻ ഡയറക്ടർ പാസ്റ്റർ പി കെ യേശുദാസ് അദ്ധ്യക്ഷത വഹിച്ചു. സമീപ പ്രദേശത്തെ വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുത്തു. വൈകുന്നേരം 03 മണിക്ക് പാറശാല യഹോവ നിസി എ ജി സഭയിൽ നടന്ന പ്രാർത്ഥനാ സംഘമത്തിന് എ ജി സതേൺ സോൺ സൂപ്രണ്ടും പ്രത്യാശോത്സവം എക്സിക്യൂട്ടീവ് ടീം അംഗവുമായ പാസ്സ്ർ എൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കന്യാകുമാരി വരെയുള്ള വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുത്തു. ഓരോ സ്ഥലങ്ങളിൽ നിന്നും പ്രാർത്ഥനാ സഹാകാരികളായി തെരഞ്ഞെടുക്കപ്പെട്ട ടീം അംഗങ്ങളെ പാസ്റ്റർ എൻ പീറ്റർ പ്രാർത്ഥിച്ചു അനുഗ്രഹിച്ചു. എ ജി സതേൺ സോൺ ട്രഷറർ പാസ്റ്റർ ജ്ഞാന സെൽവം സ്വാഗതം അറിയിക്കുകയും, ജനറൽ കൺവീനർ ബ്ര. ജോയി താനവേലിൽ ഓരോ സ്ഥലങ്ങളിലും യോഗത്തെ കുറിച്ചുള്ള വിശദീകരണം നൽകി. പ്രയർ കോഡിനേറ്റർമാരായ പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ സാം ഡി ജോൺ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ഷാജി എം പോൾ, അനീഷ് തോമസ്, ചാക്കോ സാം വചന സന്ദേശങ്ങൾ നൽകി. തിരുവനന്തപുരം ജില്ലയുടെ കോഡിനേറ്റർ മാരായി പാസ്റ്റർ ഷിബു മാത്യു, പാസ്റ്റർ എൻ വിജയകുമാർ, പാസ്റ്റർ ഡി കുഞ്ഞുമോൻ എന്നിവർ പ്രവർത്തിക്കുന്നു. പവർവിഷൻ ടി വി മീറ്റിങ്ങിന് നേതൃത്വം നൽകി. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രാർത്ഥനാ സംഗമങ്ങൾ നടത്തുന്നതാണ്.